വീട്ടിലെ ഇളയകുട്ടിയായിരുന്നു ഉമ്മാച്ചു. അവൾ ലേശം മടിച്ചിയും തീറ്റപ്രിയയുമായിരുന്നു. കൊച്ചുകുട്ടികളുടെ കൂടെ കളിക്കലായിരുന്നു ഇഷ്ടവിനോദം. വീട്ടിലെപ്പോഴും കൊച്ചുകുട്ടികൾ കാണും. ഇക്കാക്കമാരുടെയോ ഇത്താത്തമാരുടെയോ ഒക്കെ കുട്ടികളെ കളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും അവളാണ്. കൂട്ടത്തിൽ പറമ്പിലുള്ള വിഭവസമാഹരണവും അവൾക്കാണ്.
ചക്ക പഴുത്താൽ കാക്കയേക്കാൾ മുൻപേ അവളറിയും. മാങ്ങ പഴുക്കുന്നതും അവളോട് ചോദിച്ചാൽ മതി. പഴയ കാലത്തൊന്നും ഇന്നത്തെപ്പോലെ കശുവണ്ടിക്ക് ചിലവില്ലായിരുന്നു. കൊഴിഞ്ഞു വീഴുന്നത് പെറുക്കിക്കൊണ്ടുവന്ന് ചാക്കു കണക്കാകുമ്പോൾ വിൽക്കും.അതുവരെ കശുമാങ്ങയുടെ നീരെടുത്ത് എന്തൊക്കെയോ ചേരുവകൾ ചെർത്ത് മണ്ണിൽ കുഴിച്ചിട്ട് മദ്യമുണ്ടാക്കലും, അണ്ടി വറുത്ത് തല്ലിത്തിന്നുകയോ, ബർഫി ഉണ്ടാക്കുകയോ ഒക്കെയാണ് നാട്ടുകാർ ചെയ്തിരുന്നത്. എങ്ങനെ ചെയ്താലും അണ്ടിപ്പരിപ്പിന് നല്ല സ്വാദാണ്. ഉമ്മാച്ചുവിന് പൊന്നിഷ്ടം. പക്ഷേ പണി എടുക്കാനൊന്നും അവളെ കിട്ടില്ല എന്നു മാത്രം!
ഒരു കശുമാങ്ങക്കാലം. ഉമ്മുമ്മ അവളെ വിളിച്ചു “ഉമ്മാച്ചുമ്മാച്ച്വോ! അണ്ടി പെറുക്കാൻ വാ!”
“എന്റേൽ കുട്ട്യാണ്!” അവൾ മറുപടി വിളിച്ചു പറഞ്ഞു.
ഉമ്മുമ്മാ തന്നെ അയലത്തെ ഒരു കുട്ടിയെക്കൂടി സഹായത്തിനു വിളിച്ച് എല്ലാം പെറുക്കിക്കൂട്ടി. അണ്ടി ധാരാളമുണ്ടായിരുന്നു. എല്ലാം കൊണ്ടുവന്ന് വൃത്തിയാക്കി ഉമ്മൂമ്മ അടുത്ത ജോലിക്ക് വിളിച്ചു.
“ഉമ്മാച്ചുമ്മാച്ച്വോ! അണ്ടി ബറുക്കാൻ വാ!”
അപ്പോഴും അവൾ “എന്റേൽ കുട്ട്യാണ്”എന്ന മറുപടി പറഞ്ഞു. ഉമ്മൂമ്മ അയലത്തെ കുട്ടിയെത്തന്നെ കൂട്ടി അതെല്ലാം വറുത്തെടുത്തു. അത് മണ്ണിലിട്ടു തണുപ്പിച്ച് തീയെല്ലാമണച്ചു.
വറുത്തെടുക്കുന്നതിനേക്കാൾ പ്രയാസമാണ് തല്ലിയെടുക്കുന്നത്.വറുക്കുമ്പോൾ നേരേ ഇളക്കിയില്ലെങ്കിലോ, ശരിക്കു മറിഞ്ഞു വന്നില്ലെങ്കിലോ, തല്ലിയാൽ ശരിയാവില്ല. മൂപ്പു കുറഞ്ഞാൽ തല്ലുമ്പോൾ മേലെല്ലാം കറ തെറിക്കുകയും ചെയ്യും.അതിനൊന്നും ഉമ്മാച്ചുവിനു വശമില്ല. ചെയ്യാനൊട്ട് ഇഷ്ടവുമില്ല.
അവൾ വരില്ലെന്നുറപ്പാണ്. എന്നാലും ഉമ്മുമ്മാ വിളിച്ചു. “ഉമ്മാച്ചുമ്മാച്ച്വോ! അണ്ട്യൊന്ന് തല്ലാൻ വാ!”
പതിവുള്ള മറുപടി ഉടൻ കിട്ടി. “എന്റേൽ കുട്ട്യാണ്!”
എപ്പോഴും അവളുടെ കയ്യിൽ കുട്ടിയാണ്. എന്തു ചെയ്യാൻ വിളിച്ചാലും ഇതേ വാചകം പറഞ്ഞ് അവൾ രക്ഷപെടും. ഇളയ കുട്ടിയായതുകൊണ്ടാവും ജോലിയിൽ ഇത്രയും ഇളവുകിട്ടുന്നത്.
വീണ്ടും ഉമ്മുമ്മാ സഹായിയെ കൂട്ടി അണ്ടി തല്ലി പരിപ്പെടുത്തു. പിന്നെയും ഇടിക്കുന്ന ജോലിബാക്കിയുണ്ട്. അപ്പോഴും ഉമ്മുമ്മാ വിളിച്ചു.
“ഉമ്മാച്ചുമ്മാച്ച്വോ! അണ്ടീം പിണ്ടീം ഇടിക്കാൻ വാ!”
അപ്പൊഴും പതിവുള്ള മറുപടി തന്നെ കിട്ടി. “എന്റേൽ കുട്ട്യാണ്!”
പിന്നെയും ഉമ്മൂമ്മ സഹായിയുടെ കൂടെ കൂടി. ഇടിച്ചു പാകമാക്കിയ അണ്ടിപ്പുട്ട് തിന്നാൻ സമയമായി. ഉമ്മുമ്മാ മാറ്റിവയ്ക്കാനുള്ളതെല്ലാം മാറ്റിവച്ചു. പാത്രങ്ങളെല്ലാം ഒതുക്കി ശരിയാക്കി.
വീണ്ടും വിളിച്ചു. “ഉമ്മാച്ചുമ്മാച്ച്വോ! അണ്ടിപ്പുട്ടു തിന്നാൻ വാ!”
ഇത്തവണ പതിവു മറുപടി കേട്ടില്ല. അവൾക്ക് ഇത്ര നേരവും ജോലി ചെയ്യാൻ ചെല്ലാഞ്ഞതിൽ ഒരു നാണവും തോന്നിയില്ല. എന്നു തന്നെയുമല്ല അതവളുടെ അവകാശമാണെന്ന ധാരണ ഉണ്ടുതാനും.
അധികം താമസിയാതെ ഉമ്മാച്ചുവിന്റെ ഒച്ച ഉമ്മൂമ്മ കേട്ടു
“അബടക്കെടക്കെട കുട്ടി, ഇബടക്കെടക്കെട കുട്ടി, ബാപ്പാന്റെ കട്ടിന്റെ ചോട്ടിക്കെടക്കട കുട്ടീ!”
കുട്ടിയെ ബാപ്പാന്റെ കട്ടിലിന്റെ ചോട്ടിൽ കിടത്തിയിട്ട് അവൾ അണ്ടിപ്പുട്ടു തിന്നാൻ ഓടിയെത്തി!!
Thursday, 18 April 2013
Saturday, 23 March 2013
ഇരിയ്ക്കാനൊക്കിരിക്കാലോ.....!
അച്ഛൻ പറഞ്ഞ നാടൻ കഥകൾ -5
പുതുശ്ശേരി മനയ്ക്കലെ തമ്പുരാന് ഒരേയൊരാഗ്രഹം. ഉണ്ണി നമ്പൂരിയെ പഠിപ്പിക്കണം. ഡോക്ടറാക്കണം. ദൂരെയുള്ള കോളേജിൽ താമസിച്ചായിരുന്നു പഠിത്തം. പട്ടണത്തിന്റെ തൊട്ടടുത്ത ഗ്രാമത്തിലാണ് കോളേജ്. അവിടെ ഒരില്ലത്ത് താമസം ശരിയാക്കി.
ഇല്ലത്തു കാര്യമായി ആരുമുണ്ടായിരുന്നില്ല. പ്രായമായ ഒരമ്മയും ഒരു വാല്യക്കാരൻ ചെക്കനും. അവൻ തന്നെ പശുക്കളേയും കറക്കും. കന്നിനേയും നോക്കും. ആഹാരം ഇല്ലത്തു നിന്നു തന്നെ. അതുകൊണ്ട് അവന് വീടുണ്ടോ എന്നു തന്നെ അറിയില്ല എന്ന നിലയായി. കണ്ടാൽ നായരാണെന്നു തോന്നും. പക്ഷേ പുലയനാണെന്ന് പിന്നീടാണറിഞ്ഞത്. അവൻ ചാമി.
ഒരു ദിവസം അവന്റെ പെങ്ങൾ നീലി ഏട്ടനെ കാണാനായി വന്നു. പേരു നീലി എന്നാണെങ്കിലും തെളുതെളെ വെളുത്തൊരു പെണ്ണ്! സുന്ദരിയുമാണ്.
അഴകാർന്ന നീലമിഴികളും ചോരതുടിക്കുന്ന കവിളുകളും, തൊണ്ടിപ്പഴം പോലത്തെ ചുണ്ടുകളും. ആത്തേമ്മാരുടെ പഴുത്ത വെള്ള നിറമല്ല നീലിക്ക്. ആരോഗ്യം തുളുമ്പുന്ന തുടുത്ത ശരീരം.ഒത്ത നീളവും അതിനൊത്ത വണ്ണവും. ഉണ്ണി നമ്പൂരി കണ്ണു തള്ളി നിന്നു പോയി!
പഠിത്തം തീർന്നപ്പോഴേക്ക് അവർ വളരെ അടുത്തു. പിരിയാനരുതാത്തവിധം തന്നെ. പിന്നെ അച്ഛൻ നമ്പൂരി അറിയാതെ തന്നെ കല്യാണവും നടന്നു. അങ്ങനെയിരിക്കെയാണ് അമ്മയ്ക്ക് അസുഖമായത്. മകൻ ഡോക്ടറല്ലേ. അമ്മയ്ക്ക് അസുഖമായപ്പോൾ കാര്യസ്ഥനെ വിട്ടു വിളിപ്പിച്ചു. വിവരമറിഞ്ഞു നീലി കൂടി കൂടെ വന്നു.
ആദ്യമൊക്കെ ഭയങ്കര പിണക്കമായെങ്കിലും അവളെ കണ്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. മറ്റുള്ളവരോടെല്ലാം അച്ഛൻ തിരുമേനി പറഞ്ഞു : “നല്ല ഐശ്വര്യമുള്ള കുട്ടി. തറവാട്ടിൽ പിറന്നതാണെന്ന് കണ്ടാലറിയാം. എന്തൊരുദിപ്പാണ് മുഖത്തിന്!” അതിനു പിന്നെ എതിർ വാക്കുണ്ടായില്ല.
മിണ്ടിപ്പോകരുതെന്ന കരാറിലായിരുന്നു അവളെ കൊണ്ടുവന്നത്. പക്ഷേ അവിടുത്തെ സൽക്കാരവും, ചടങ്ങുകളുമൊക്കെ കണ്ടപ്പോൾ അവൾ മതിമറന്നു പോയി.
ഇരിക്കൂ എന്ന വാക്കു കേട്ടപ്പോൾ അവൾ, അയാൾക്കു തടയാൻ പറ്റും മുൻപേ തന്നെ സ്വന്തം ഭാഷയിൽ പറഞ്ഞു
“ഇരിക്കാനൊക്കിരിക്കാലോ....! ഞമ്മടെ അമ്മടെ തെണ്ണല്ലി...! ”
(ഇരിക്കുകയൊക്കെ ആവാമല്ലോ; നമ്മുടെ അമ്മയ്ക്കസുഖമാണല്ലോ!)
പെട്ടെന്ന് എല്ലാവരും സ്തംഭിച്ചുപോയി. അവളും ഉണ്ണി നമ്പൂരിയുമടക്കം എല്ലാവരും മുഖമടച്ച് അടികിട്ടിയ പോലെ നിന്നു. അച്ഛൻ നമ്പൂരി കാറിത്തുപ്പി. “അശ്രീകരം!”
അമ്മയ്ക്കും തടയാൻ കഴിയുമായിരുന്നില്ല.
പരിശോധിച്ച് മരുന്നും കുറിച്ച് ഉണ്ണി നമ്പൂരി നീലിയേയും കൂട്ടി സ്ഥലം വിട്ടു.
പിന്നെ അങ്ങോട്ടു വരരുതെന്ന് ഉണ്ണി നമ്പൂരിക്ക് കല്പനയായി.
സംഗതി പുറത്തറിഞ്ഞാൽ കൊന്നു കളയുമെന്ന ഭീഷണിയും കൂടെ ഉണ്ടായിരുന്നതുകൊണ്ട് കുടുംബാംഗങ്ങൾ മൌനം പാലിച്ചു.
അതോടെ ഇല്ലത്തെ ഡോക്ടർ മോഹം നാടുകടത്തപ്പെട്ടു!

Monday, 11 March 2013
മൂഷികൻകുന്നത്തു പനസപ്പൻ!!
അച്ഛൻ പറഞ്ഞ നാടൻ കഥകൾ -4
വിഷുപ്പക്ഷി പാടാൻ തുടങ്ങുമ്പോൾ വിളവിറക്കാനുള്ള വിളിയുയരുന്നു. തിരുമേനി പാടത്തെ പണിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ആളായിരുന്നു. അക്കാലത്ത് എന്തെങ്കിലും പണിയെടുക്കുക എന്നത്, ശ്വാസം വിടുന്നതുപോലെത്തന്നെയുള്ള ഒരു കാര്യമായിരുന്നു.
ഇന്ന് വിഷുവായതുകൊണ്ടെന്ത്? പിടിപ്പതു പണിയെടുക്കുക തന്നെ വേണം എല്ലാ ദിവസവും. കൃഷി ഒന്നാം തീയതി തന്നെ കൃത്യമായി തുടങ്ങണം.ഒന്നു കൂവിയാൽ മതി പണിക്കാർ വരാൻ. എന്നാലും വിഷുവായതുകൊണ്ട് ചെന്നു വിളിക്കാം കൈനീട്ടവും എറിഞ്ഞു കൊടുക്കാം എന്നു തീരുമാനിച്ചു, തിരുമേനി.
ചെറിയ തുട്ടുകൾ പെറുക്കി മടിയിൽ വച്ചു. നേരത്തേ തന്നെ എണീറ്റു കണികണ്ടു തൊഴുത്, വീട്ടിലെല്ലാവർക്കും കൈനീട്ടം കൊടുത്ത് ഇറങ്ങിയിട്ടും സാധാരണസമയമായില്ല. ജോലിക്കാർ എണീറ്റുപോലും കാണില്ല. അവർക്കൊന്നും ഇന്ന് ഒരു പ്രത്യേകതയും കാണില്ല.
പ്രധാന പണിക്കാരനെ വിളിക്കാൻ തുടങ്ങിയപ്പോൾ, വിളിക്കേണ്ട പേര് ഒരു പ്രശ്നമായി. നല്ലൊരു ദിവസമായിട്ട് ആ പേര് എങ്ങനെയാ രാവിലെ വിളിക്കുക? എന്തൊരു പേരാണ് അവനിട്ടിരിക്കുന്നത്!? എലിയൻ കുന്നത്ത് ചക്കപ്പൻ! തനി പ്രാകൃതനാമം. തിരുമേനിക്കരിശം വന്നു.
ഇവന്റെ പേര് ഒന്നു പരിഷ്കരിച്ചാലോ? സംസ്കൃതത്തിലായാൽ ഭേഷായി. ഒന്നും മനസ്സിൽ തോന്നുന്നില്ല. വിഷു ദിവസായിട്ട് ഇങ്ങനൊരു ഗതികേട് വന്നൂലോ, ഭഗവാനേ! തിരുമേനി തന്നത്താൻ പരിതപിച്ചു.
കുന്നുമ്പുറത്ത് കൃഷിയിറക്കാൻ സമയമായി. എല്ലാം വെട്ടിക്കിളച്ച് കാച്ചിച്ചുട്ട് വരമ്പു പിടിക്കണം. കിഴങ്ങു വർഗങ്ങൾ നല്ലപോലെയുണ്ടാകും. എള്ളും വിതയ്ക്കണം. അതിന് നിലം നല്ലതുപോലെ വെടിപ്പാക്കണം. പൂട്ടിയൊരുക്കണം. ചപ്പും ചവറും ഉണക്കച്ചെടികളുമൊക്കെ ചുട്ടുകളയണം. പണിയെടുക്കാൻ സമയമായിട്ടും എല്ലാവനും കിടന്നു മുക്രയിട്ടുറങ്ങുകയാവും! വെറുതെയാണോ ഗതി പിടിക്കാത്തത്? അവനെയിന്നു നാലു പറയണം. അപ്പോൾ വീണ്ടും പേര്....!
എലിക്ക് സംസ്കൃതമെന്താണ്? ഛേ! സംസ്കൃതം കുറേ പഠിച്ചതാണ്. താല്പര്യക്കുറവായതിനാൽ എല്ലാം മറന്നു പോയി.
അപ്പോഴാണ് കാര്യസ്ഥൻ രാമൻ നായരുടെ വരവ്.
“എന്താ തിരുമേനീ, വിഷുവായിട്ട് ഒരു സന്തോഷമില്ലാതെ....?”
“അതു പിന്നേയ്.... ഞാനാലോചിക്കുകയായിരുന്നു...”
“എന്താ തിരുമേനീ?”
“ഒന്നൂല്യ.... അല്ല അതേയ്.... ഈ എലിക്കെന്താ സംസ്കൃതം?”
“സംസ്കൃതം തന്നെയറിയാത്ത എന്നോടാണോ.... എനിക്കും എലിക്കും സംസ്കൃതമറിയില്ല!” കാര്യസ്ഥൻ അന്തം വിട്ടു പറഞ്ഞു.
“നീയല്ലാണ്ടിവിടെ വേറെയാരാ ഉള്ളത്, ചോദിക്കാൻ!”
കാര്യസ്ഥൻ ഒഴിഞ്ഞുമാറി. പിന്നെ പിറുപിറുത്തു. “കണ്ട മൂഷികനോടുള്ള ശുണ്ഠി പാവൻ എന്നോടാണല്ലോ....”
അതുകേട്ട ഉടനെ ഉത്സാഹത്തോടെ തിരുമേനി പറഞ്ഞു “ങ്ഹാ! അതു തന്നെയാടോ വാക്ക്! മൂഷികൻ!”
വാപിളർന്നു നിന്ന കാര്യസ്ഥന്റെ തോളിൽ തട്ടി തിരുമേനി പറഞ്ഞു “ചക്കയ്ക്ക് പനസം എന്നാ പേര്!”
കാര്യസ്ഥനൊന്നും പിടികിട്ടിയില്ല.
അപ്പോഴേക്കും അവർ നടന്ന് പണിക്കാരന്റെ വീടിനടുത്തെത്തിയിരുന്നു. തീണ്ടാപ്പാടകലെ നിന്ന് തിരുമേനി ഉച്ചത്തിൽ വിളിച്ചു “മൂഷികൻ കുന്നത്ത് പനസപ്പാ..... എടാ മൂഷികൻ കുന്നത്ത് പനസപ്പോ! ”
പണിക്കാരന്റെ ഭാര്യ ഇതു കേട്ടു. അവൾക്കുണ്ടോ സംസ്കൃതം വല്ലതും തിരിയുന്നു!ആരാണീ ഒച്ചവയ്ക്കുന്നതെന്നു ചിന്തിച്ച്, കൂരയിൽ നിന്നു തല പുറത്തേക്കു നീട്ടി അവൾ തനി നാടൻ ഭാഷയിൽ വിളിച്ചു ചോദിച്ചു “ആരാണാ തൂറ്ണീ?”
അതുകേട്ടതോടെ തിരുമേനിയുടെ വിഷുദിനം ഗംഭീരമായി!!!

Wednesday, 6 March 2013
അട്ടത്തെ കുട്ട്യാലി
അച്ഛൻ പറഞ്ഞ നാടൻ കഥകൾ -3
പാത്തുണ്ണിയുടെ ഒരേയൊരു മകനാണ് കുട്ട്യാലി. അധ്വാനശീലനായ കുട്ട്യാലി ഏതുപണിയും ചെയ്യും.അവന്റെ കുടുംബം ഉമ്മയും അവനും മാത്രമായിരുന്നു. സ്നേഹപൂർണമായ കുടുംബം. അവനു പ്രായപൂർത്തിയായെന്ന് ഉമ്മയ്ക്കു തോന്നിയപ്പോൾ കല്യാണാലോചനകളായി. മരുമകൾ തന്നെ സംരക്ഷിക്കുന്നവളും, സ്നേഹമുള്ളവളും ആകണമെന്ന് അവർ ആഗ്രഹിച്ചു.
കുട്ട്യാലി പതിവുപോലെ ദിവസവും ജോലിക്കുപോകുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. ഉമ്മയും ഭാര്യയും തമ്മിൽ വഴക്കിടുമെന്ന് അയാൾ വിചാരിച്ചതേയില്ല. അവർ തമ്മിൽ സ്നേഹമാണെന്നു തന്നെ അയാൾ വിശ്വസിച്ചു.
എന്നാൽ അയാളുടെ ഭാര്യയ്ക്ക് ഉമ്മയെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. ഒരു പണിയുമെടുക്കാതെ തിന്നുമുടിക്കുന്ന ഒരു ശല്യമായിട്ടാണ് അവൾ അവരെ കണ്ടത്. അത്കൊണ്ട് അവൾ അവർക്കൊരു പണി കൊടുത്തു. ഉച്ചയ്ക്ക് കഞ്ഞി കിട്ടിക്കഴിഞ്ഞാൽ ഉരൽ കഴുത്തിൽ കെട്ടി പാട്ടുപാടി കളിച്ചിട്ടുവേണം കഞ്ഞി കുടിക്കാൻ! പതിവായി ഈ പരിപാടിയായപ്പോൾ ഉമ്മ കുഴഞ്ഞു. ഭാര്യയെ മകനു പൊന്നിഷ്ടമായിരുന്നതുകൊണ്ട് അവർ ഒന്നും മിണ്ടാതെ കഴിച്ചുകൂട്ടി.
ഒരു നാൾ മകൻ ഉമ്മയോട് എന്താണു ക്ഷീണിച്ചു വരുന്നതെന്ന് ചോദിച്ചു. കിട്ടിയ സൌകര്യത്തിന് അവർ കാര്യം അറിയിച്ചു. പിറ്റേന്ന് അയാൾ ജോലിക്കു പോയില്ല. പോകുന്നതായി ഭാവിച്ച്, അവൾ കാണാതെ വിറകു സൂക്ഷിക്കുന്ന അട്ടത്തു കയറിയിരുന്നു. ഏറെ വിറകു സൂക്ഷിക്കാൻ തക്കവണ്ണം ബലവും സൌകര്യവും ഉള്ളതായിരുന്നു അട്ടം. അതിനാൽ വിറകിനു മറഞ്ഞിരുന്ന അയാളെ ഭാര്യ കണ്ടില്ല.
അവൾ പതിവുപോലെ ഉച്ചക്കഞ്ഞി വിളമ്പി ഉമ്മയെ വിളിച്ചു പറഞ്ഞു “കഞ്ഞ്യെന്തുമ്മാ*....! കളിച്ചോളീൻ...!”
ഉമ്മ കഴുത്തിൽ ഉരൽ കെട്ടിത്തൂക്കി കളിക്കാൻ തുടങ്ങി. ഒപ്പം പാടുകയും ചെയ്തു.
“അട്ടത്തെ കുട്ട്യാല്യേ മോനേ!
കഞ്ഞിക്കളി കണ്ടോ മോനേ!
കഞ്ഞിക്കളി കണ്ടോ....?
മുട്ടനുരലാണേലും മോനേ
പയ്ക്കുമ്പ തിന്നാലോ മോനേ
പയ്ക്കുമ്പ തിന്നാലോ
അട്ടത്തെ കുട്ട്യാല്യേ മോനേ!
കഞ്ഞിക്കളി കണ്ടോ മോനേ!”
ഭ്രാന്തനെപ്പോലെ അയാൾ താഴേക്കു ചാടി. അന്തം വിട്ടു നിന്ന ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ചു. ഭാര്യയുടെ തനിനിറം മനസ്സിലാക്കിയ അയാൾ അലറി
“എന്താടീ ഇയ്യെന്റുമ്മാനോട് കാട്ടീത്? പറയെടീ ഹറാം പിറന്നോളേ! പറ! അന്റെ പൊറുതി ഞാനിന്നവസാനിപ്പിക്ക്വെടീ! എന്നെ പോറ്റി വളർത്തിയ പുന്നാര ഉമ്മ.... തോന്നിയെല്ലോടീ അനക്കിങ്ങനെ!? കരളായിട്ടാ ഞമ്മള് അന്നെക്കണ്ടത്. എന്നിട്ട്.... ഹെന്നിട്ട്.. എറങ്ങടീ.... എളുപ്പം എറങ്ങ്!”
അയാൾ പുലമ്പിക്കൊണ്ടിരുന്നു.
അവൾ പ്രതീക്ഷിക്കാത്തതായിരുന്നല്ലോ എല്ലാം. അവളുടെ കരച്ചിലും പിഴിച്ചിലും ഒന്നും വിലപ്പോയില്ല. അവളെ വീട്ടിൽ കൊണ്ടാക്കിയ ശേഷമേ അയാൾ താഴെയിരുന്നുള്ളൂ.
ഉമ്മ ഇത്രയും പ്രതീക്ഷിച്ചില്ല. അവളെ വഴക്കു പറയുകയോ, ഒന്നു തല്ലുകയോ ചെയ്യുമെന്നേ അവർ കരുതിയുള്ളൂ. പക്ഷേ, ഇത് അതിരു കടന്നു പോയല്ലോ.... പടച്ചോനേ.... ഞമ്മള തെറ്റാണോ... ഭയന്ന് അവന്റെ മുഖത്തുനോക്കാൻ പോലും അവർക്കു കഴിഞ്ഞില്ല.
ഈ സംഭവത്തോടെ അവന് അട്ടത്തെ കുട്ട്യാലി എന്നു പേരു വീണു. തന്നെയല്ല, നാട്ടിലെ പെൺകുട്ടികൾക്കെല്ലാം അത് പാഠമാവുകയും ചെയ്തു.
പിന്നീട് ആരുടെ ദയയും തേടാതെ അയാൾ സ്വന്തം ഉമ്മയെ പൊന്നുപോലെ നോക്കി. “ആൺകുട്ട്യോളായാൽ കുട്ട്യാല്യെ പോലെ വേണം” എന്ന് ഉമ്മമാർ പറയാനും തുടങ്ങി.
* കഞ്ഞിവെന്തുമ്മാ

Thursday, 28 February 2013
അപ്രശിഖ!
അച്ഛൻ പറഞ്ഞ നാടൻ കഥകൾ -2
അയൽപക്കക്കാരും കൂട്ടുകാരുമായിരുന്നു ശേഖരനും അമ്പൂട്ടിയും. രണ്ടുപേരും നാട്ടിൽ നിന്നു പോയിട്ട് കുറേക്കാലമായിരുന്നു. ശേഖരൻ അതിബുദ്ധിമാനായിരുന്നു. അയാൾ ചെന്ന നാട്ടിൽ കുട്ടികളെ പഠിപ്പിക്കുകയും മുതിർന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്യുമായിരുന്നു. എല്ലാവർക്കും സമ്മതനായ അയാളെ അവിടത്തെ രാജാവ് ഉപദേഷ്ടാവായി നിയമിച്ചു. അയാളുടെ ഉപദേശാനുസരണം പ്രവർത്തിച്ച പലർക്കും ലാഭമുണ്ടാവുകയും ചെയ്തു. അവരോരോരുത്തരും സന്തോഷസൂചകമായി അയാൾക്ക് സമ്മാനങ്ങൾ നൽകി. അങ്ങനെ അയാൾ ഒരു വലിയ പണക്കാരനായി.
നാട്ടിൽ വന്ന് സ്വസ്ഥമായി ബന്ധുക്കൾക്കൊപ്പം കഴിയാൻ അയാൾ തീരുമാനിച്ചു. ആ നാട്ടിൽ എല്ലാവർക്കും വിഷമമായിരുന്നെങ്കിലും അവർ അയാളുടെ ആഗ്രഹത്തിനെതിരു നിന്നില്ല. അതുവരെ സമ്പാദിച്ച പണമെല്ലാം അയാൾ കൂടെക്കൊണ്ടുവന്നു.വഴിമധ്യേ ഒരു കാട്ടിൽക്കൂടി യാത്രചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോഴാണ് പഴയ കൂട്ടുകാരനായ അമ്പൂട്ടിയെ കണ്ടത്. ഒരു കൂട്ടായല്ലോ എന്ന സമാധാനം അപ്പോൾ അയാൾക്കുണ്ടായി.
അവർ പലതും സംസാരിച്ചു നടന്നു. കുട്ടിക്കാലത്തെ കാര്യങ്ങൾ പറഞ്ഞുപറഞ്ഞ് അപ്പോഴത്തെ കാര്യങ്ങളും അവർ പരസ്പരം പങ്കുവച്ചു. പ്രിയകൂട്ടുകാരനായതിനാൽ ശേഖരൻ ഒന്നും മറച്ചുവച്ചില്ല. പക്ഷേ അമ്പൂട്ടിക്ക് അത്രയേറെയൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലായിടത്തും അഭിനന്ദനവും ആദരവും ലഭിച്ചിരുന്നതിനാൽ ശേഖരന് ചതിയുണ്ടാകുമെന്ന് സംശയം തോന്നിയിരുന്നില്ല.
അമ്പൂട്ടിയുടെ മനസ്സിലെ ചിന്തകൾ മുഖത്തുകാണാൻ ഇരുൾ അനുവദിച്ചിരുന്നില്ല. സംസാരം കൂടുതലും ശേഖരനായിരുന്നു. കേട്ടു മൂളുകയോ, ഇടയ്ക്കൊരുവാക്കു പറയുകയോ മാത്രം ചെയ്ത അമ്പൂട്ടി മനസ്സിൽ കണക്കു കൂട്ടിയതൊന്നും പുറത്തു പ്രകടമാക്കിയില്ല. ചതിയന്മാർ എപ്പോഴും ഉദ്ദേശ്യം മനസ്സിൽ മറച്ചുവയ്ക്കും. എന്നാൽ കൂട്ടുകാരനായതിനാൽ ശേഖരൻ ഇതൊന്നും ചിന്തിച്ചുമില്ല.
രാത്രിയായതിനാൽ അവർ ചേർന്നു നടക്കുകയായിരുന്നു. പെട്ടെന്ന് അമ്പൂട്ടി ശേഖരന്റെ കയ്യിൽ കയറിപ്പിടിച്ചു.
“എന്തു പറ്റി? വല്ല ആപത്തും?” ശേഖൻ ചോദിച്ചു.
“ആപത്തുണ്ട് ശേഖരന്..... ഞാൻ നിന്നെ കൊല്ലാൻ പോകുന്നു. ” കരുത്തനായ അമ്പൂട്ടി ഒട്ടും ദയയില്ലാതെ പറഞ്ഞു. ശേഖരൻ പെട്ടെന്ന് ബോധവാനായി. അമ്പൂട്ടിയുടെ കയ്യിലെ തിളങ്ങുന്ന വാൾ ശ്രദ്ധിച്ച് അയാൾ പറഞ്ഞു
“അങ്ങനെയെങ്കിൽ ഞാനെന്തു പറയാനാണ്? എനിക്കൊരു അന്ത്യാഭിലാഷമുണ്ട്. അതു നീ സാധിച്ചു തരണം!”
അത് അമ്പൂട്ടി സമ്മതിച്ചു. അവൻ ചോദിച്ചു “എന്താണ് അന്ത്യാഭിലാഷം?”
ശേഖരൻ പറഞ്ഞു “എനിക്ക് ഒരു കവിതയെഴുതണം!”
അമ്പൂട്ടി അന്തം വിട്ടു നിന്നു. ഏതായാലും അന്ത്യാഭിലാഷമല്ലേ. എഴുതട്ടെ.അവൻ കരുതി.
ശേഖരൻ എഴുതി “അപ്രശിഖ!”
“തീർന്നോ?” അമ്പൂട്ടി ചോദിച്ചു.
“തീർന്നു. ഇത് നീ ചെന്നാൽ എന്റെ വീട്ടിൽ കൊടുക്കണം.” ശാന്തനായിട്ടാണ് ശേഖരൻ പറഞ്ഞത്.
ഒന്നു മൂളിയ ശേഷം അമ്പൂട്ടി അയാളെ തട്ടിത്താഴെയിട്ടു ചവിട്ടിപ്പിടിച്ച് വാളുകൊണ്ടു തലവെട്ടി.
പണവുമെടുത്തു വീട്ടിൽ ചെന്ന് എല്ലാം ഭദ്രമായി വച്ച ശേഷം ശേഖരന്റെ വീട്ടിലെത്തി. ശേഖരനെ വഴിക്കു വച്ചു കണ്ടിരുന്നെന്നും ഒരു കത്തെഴുതിത്തന്നിട്ട് അയാൾ കാടുകാറിപ്പോയെന്നും പറഞ്ഞു.കത്തു കൊടുത്തിട്ട അയാൾ തിരിച്ചുപോയി. ആർക്കും അതുകണ്ടിട്ട് ഒന്നും മനസ്സിലായില്ല. പലരും വായിച്ചു നോക്കിയിട്ടും പൊതിയാത്തേങ്ങപോലെ ആ കുറിമാനമിരുന്നു.
ഒടുവിൽ പഠിപ്പു തികഞ്ഞ ശേഖരന്റെ മകൻ തലപുകച്ച് അതിനൊരു വ്യാഖ്യാനമെഴുതി.
“അനേകവഴി ദൂരേച
പ്രണതസ്യ വനാന്തരേ
ശിരസി പാദസംഛേദേ
ഖഡ്ഗം കൊണ്ടു വിനശ്യതി!”
പലരും ചേർന്ന് ആലോചിച്ചപ്പോൾ അങ്ങനെയാകാൻ വഴിയുണ്ടെന്ന തോന്നൽ ദൃഢമായി. രാജസന്നിധിയിൽ അറിയിച്ച് അമ്പൂട്ടിയെ ചോദ്യം ചെയ്തു. ദണ്ഡനമുറ വരെയെത്തി. ഒടുവിൽ ഗത്യന്തരമില്ലാതെയായപ്പോൾ അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.സത്യം പറയാതെ രക്ഷയില്ലെന്നു വന്നപ്പോൾ അയാൾ സംഭവം വിവരിച്ചു.
ഒറ്റ നോട്ടത്തിൽ അർത്ഥമില്ലെന്നു തോന്നുന്ന പലതിനും അർത്ഥമുണ്ടാവാൻ സാധ്യതയുണ്ട്. അല്ലേ!?

Sunday, 24 February 2013
മൊട്ടച്ചിക്കെട്ടും പോയി...!
കുട്ടിക്കാലത്ത് എന്റെ അച്ഛൻ പറഞ്ഞു തന്ന ഒരു കഥയാണിത്. എക്കാലവും പ്രസക്തമായൊരു കുഞ്ഞിക്കഥ...
വളരെപ്പണ്ട് തമിഴ്നാട്ടിൽ നിന്ന് വള്ളുവനാട്ടിൽ വന്നു താമസമാക്കിയ ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അപ്പൂപ്പൻ മരിച്ചപ്പോൾ അമ്മൂമ്മ തനിച്ചായി. അവർക്ക് മക്കളോ, നാട്ടിൽ പറയത്തക്ക ബന്ധുക്കളൊ ഇല്ലായിരുന്നു.ഭർത്താവ് മരിച്ചപ്പോൾ അവർ അവിടത്തെ ആചാരമനുസരിച്ച് തല മൊട്ടയടിച്ചു. അങ്ങനെ മൊട്ടച്ചിയമ്മൂമ്മയായി. അവരെ ആളുകൾ കളിയായി ‘മൊട്ടച്ചി’എന്ന് വിളിക്കാൻ തുടങ്ങി.
അവർക്ക് പണിയൊന്നുമില്ലായിരുന്നു. ജീവിതമാർഗമായി, ഭർത്താവിന്റെ അല്പ സമ്പാദ്യം പലിശയ്ക്കു കൊടുത്ത്, ആ പലിശ വാങ്ങി അവർ ജീവിച്ചു. പത്തു രൂപയ്ക്ക് ഒരു വർഷത്തേക്ക് ഒരു രൂപ പലിശ കൃത്യമായി പിരിക്കും.
അതിനിടയ്ക്ക് ഒരാൾക്ക് ഒരു ദുർബുദ്ധി തോന്നി. “മൊട്ടച്ചിയമ്മൂമ്മയ്ക്ക് വയസ്സായില്ലേ? ഇനി അധികനാൾ ജീവിക്കില്ല. പത്തു രൂപ കടം മേടിക്കാം. തിരിച്ചു കൊടുക്കേണ്ടി വരില്ല. വേണമെങ്കിൽ പലിശ കുറച്ചു നേരത്തേ തന്നെ കൊടുത്തേക്കാം.” അയാൾ അടുത്ത ദിവസം മൊട്ടച്ചിയമ്മൂമ്മയുടെ വീട്ടിൽ ചെന്ന് പത്തു രൂപ കടം ചോദിച്ചു.
“പലിശ കൃത്യമായി തരണം. എന്റെ ജീവിതമാർഗമാണ്.മുടക്കരുത്...” എന്നു പറഞ്ഞ് അവർ പണം കൊടുത്തു. അയാൾ ഉടനെ തന്നെ രണ്ടു രൂപ പലിശയും കൊടുത്തു. അമ്മൂമ്മയ്ക്ക് സന്തോഷമായി.
അയാൾക്ക് അതിലേറേ സന്തോഷമായി. ഇനി രണ്ടു കൊല്ലത്തേക്ക് അവർ തന്നെ തിരിഞ്ഞു നോക്കില്ല. അപ്പോഴേക്ക് ദൈവം സഹായിച്ച് അവർ ചത്തുപോകും! വലിയ സന്തോഷത്തോടെ നടന്നപ്പോൾ അയാൾക്ക് ഒരു പാട്ടു പാടാൻ തോന്നി.
അയാൾ പാടി
“മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും പോയി...
മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും ..........”
പെട്ടെന്നൊരു പൊട്ടിച്ചിരി കേട്ട് അയാൾ ഞെട്ടി.
ആരാ ഈ ആളൊഴിഞ്ഞ സ്ഥലത്ത്!? ചെവി വട്ടം പിടിച്ച് അയാൾ ചുറ്റും നോക്കി.ആരെയും കണ്ടില്ല. “ആ.... ആരെങ്കിലുമാവട്ടെ...” അയാൾ വീണ്ടും ഉച്ചത്തിൽ പാടി
“മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും പോയി....”
പെട്ടെന്ന് വീണ്ടും പൊട്ടിച്ചിരി!
“മണ്ടച്ചാരേ!” എന്നൊരു വിളിയും.
പരിഭ്രമിച്ചെങ്കിലും ധൈര്യം ഭാവിച്ച് അയാൾ നടന്നു. ചുറ്റും നോക്കിയിട്ട് വീണ്ടും പാടി
“മൊട്ടച്ചിക്കെട്ടും പോയി...”
ഇത്തവണ പൊട്ടിച്ചിരിയും, മണ്ടച്ചാരേ വിളിയും കഴിഞ്ഞ് സംസാരവും കേട്ടു.
“മണ്ടച്ചാരേ! പണ്ടിതുപോലെ ഒരാളെ പറ്റിച്ചതാണു ഞാൻ. രണ്ടു രൂപ കടം മേടിച്ചു. തിരിച്ചു കൊടുത്തില്ല. പലവട്ടം അയാൾ ചോദിച്ചപ്പോഴൊക്കെ ഒഴികഴിവു പറഞ്ഞു. അവസാനം അയാളും ഞാനും മരിച്ചു. കടം ബാക്കിയായി. അയാൾ കൃഷിക്കാരനായും, ഞാൻ അയാളുടെ പോത്തായും പുനർജനിച്ചു. ജീവിതം മുഴുവൻ അയാൾക്കുവേണ്ടി പണിയെടുത്തു. ബാക്കി വന്ന കടത്തിലേക്കായി എന്റെ തലയോട്ടി അയാളുടെ പച്ചക്കറി കൃഷിക്ക് കാവൽ നിൽക്കുന്നതു കണ്ടോ!? അതാ മണ്ടച്ചാരേ ഞാൻ പറയുന്നത്....”
അയാൾ ചുറ്റും കണ്ണോടിച്ചു നോക്കി.
അതാ അവിടെ ഒരു പോത്തിന്റെ തലയോട്ടി തന്നെ നോക്കി ചിരിക്കുന്നു!

ശലഭപ്പൂങ്കുല
ഒരു ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കട്ടിൽ
അഭയമായ് മാറിയൊരു കാലം
പണിയേതുമില്ലാതെ തുണയാരുമില്ലാതെ
മുഷിവുമായ് നീണ്ടുകിടക്കേ
ഒരു കൊന്നപ്പൂങ്കുല - ഈ ചിങ്ങമാസത്തിൽ
എവിടന്നു വന്നു നിറവാർന്നു?
കൊതിയോടെ നോക്കി ഞാൻ - ഇതുവേദനയ്ക്ക് ചെറു-
മറുമരുന്നാകുന്നുവല്ലോ!
നിറമഞ്ഞപ്പൂങ്കുല പുലരിക്കുളിർകാറ്റിൽ
ഇളകിയാടുന്നു മദമോടേ!
ചെറുകാറ്റിലിളകുന്നു പുതുപൂവിതൾ - കുളിര്
തുടികൊട്ടിയിക്കിളിയിടുന്നോ?
മൃദുപവനന്തി മൃദുലമുഴിയവേ വിടരുമിരു-
ദലമിതാ പാറിയുയരുന്നു!
നിമിഷങ്ങൽ കൊണ്ടു മൃദുപവനപരിലാളിതസു-
മുകുളങ്ങൾ പാറിയകലുന്നു!
വിടരാത്ത മൊട്ടുകളിലൊരുപച്ച നിറമിയലു-
മതുപോലും കൊന്നപ്പൂപോലേ!
പ്രകൃതിയുടെ രുചിരതര വിസ്മയം കണ്ടു കുളിർ-
തടവുമുടലോടെ ഞാൻ നിന്നു!
ഒരു പൂങ്കുലയ്ക്കു സമമൊരു ശലഭപ്പൂങ്കുല!
ഇതുകാട്ടി വിസ്മിതയാക്കീ
ഹൃദയത്തിലൊരു പുളകമുകുളം രചിച്ചു - കളി
അവിരാമമങ്ങു തുടരുന്നു!
ചിത്രത്തിനു കടപ്പാട്:ഗുഗിൾ
Subscribe to:
Posts (Atom)