Monday 11 March 2013

മൂഷികൻകുന്നത്തു പനസപ്പൻ!!

 അച്ഛൻ പറഞ്ഞ നാടൻ കഥകൾ -4

വിഷുപ്പക്ഷി പാടാൻ തുടങ്ങുമ്പോൾ വിളവിറക്കാനുള്ള വിളിയുയരുന്നു. തിരുമേനി പാടത്തെ പണിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത ആളായിരുന്നു. അക്കാലത്ത് എന്തെങ്കിലും പണിയെടുക്കുക എന്നത്, ശ്വാസം വിടുന്നതുപോലെത്തന്നെയുള്ള ഒരു കാര്യമായിരുന്നു.

ഇന്ന് വിഷുവായതുകൊണ്ടെന്ത്? പിടിപ്പതു പണിയെടുക്കുക തന്നെ വേണം എല്ലാ ദിവസവും. കൃഷി ഒന്നാം തീയതി തന്നെ കൃത്യമായി തുടങ്ങണം.ഒന്നു കൂവിയാൽ മതി പണിക്കാർ വരാൻ. എന്നാലും വിഷുവായതുകൊണ്ട് ചെന്നു വിളിക്കാം  കൈനീട്ടവും എറിഞ്ഞു കൊടുക്കാം എന്നു തീരുമാനിച്ചു, തിരുമേനി.

ചെറിയ തുട്ടുകൾ പെറുക്കി മടിയിൽ വച്ചു. നേരത്തേ തന്നെ എണീറ്റു കണികണ്ടു തൊഴുത്, വീട്ടിലെല്ലാവർക്കും കൈനീട്ടം കൊടുത്ത് ഇറങ്ങിയിട്ടും സാധാരണസമയമായില്ല. ജോലിക്കാർ എണീറ്റുപോലും കാണില്ല. അവർക്കൊന്നും ഇന്ന് ഒരു പ്രത്യേകതയും കാണില്ല.

പ്രധാന പണിക്കാരനെ വിളിക്കാൻ തുടങ്ങിയപ്പോൾ, വിളിക്കേണ്ട പേര് ഒരു പ്രശ്നമായി. നല്ലൊരു ദിവസമായിട്ട് ആ പേര് എങ്ങനെയാ രാവിലെ വിളിക്കുക?  എന്തൊരു പേരാണ് അവനിട്ടിരിക്കുന്നത്!? എലിയൻ കുന്നത്ത് ചക്കപ്പൻ! തനി പ്രാകൃതനാമം. തിരുമേനിക്കരിശം വന്നു.

ഇവന്റെ പേര് ഒന്നു പരിഷ്കരിച്ചാലോ? സംസ്കൃതത്തിലായാൽ ഭേഷായി. ഒന്നും മനസ്സിൽ തോന്നുന്നില്ല. വിഷു ദിവസായിട്ട് ഇങ്ങനൊരു ഗതികേട് വന്നൂലോ, ഭഗവാനേ! തിരുമേനി തന്നത്താൻ പരിതപിച്ചു.

കുന്നുമ്പുറത്ത് കൃഷിയിറക്കാൻ സമയമായി. എല്ലാം വെട്ടിക്കിളച്ച് കാച്ചിച്ചുട്ട് വരമ്പു പിടിക്കണം. കിഴങ്ങു വർഗങ്ങൾ നല്ലപോലെയുണ്ടാകും. എള്ളും വിതയ്ക്കണം. അതിന് നിലം നല്ലതുപോലെ വെടിപ്പാക്കണം. പൂട്ടിയൊരുക്കണം. ചപ്പും ചവറും ഉണക്കച്ചെടികളുമൊക്കെ ചുട്ടുകളയണം. പണിയെടുക്കാൻ സമയമായിട്ടും എല്ലാവനും കിടന്നു മുക്രയിട്ടുറങ്ങുകയാവും! വെറുതെയാണോ ഗതി പിടിക്കാത്തത്? അവനെയിന്നു നാലു പറയണം. അപ്പോൾ വീണ്ടും പേര്....!

എലിക്ക് സംസ്കൃതമെന്താണ്? ഛേ! സംസ്കൃതം കുറേ പഠിച്ചതാണ്. താല്പര്യക്കുറവായതിനാൽ എല്ലാം മറന്നു പോയി.

അപ്പോഴാണ് കാ‍ര്യസ്ഥൻ രാമൻ നായരുടെ വരവ്.

“എന്താ തിരുമേനീ, വിഷുവായിട്ട് ഒരു സന്തോഷമില്ലാതെ....?”

“അതു പിന്നേയ്.... ഞാനാലോചിക്കുകയായിരുന്നു...”

“എന്താ തിരുമേനീ?”

“ഒന്നൂല്യ....  അല്ല അതേയ്.... ഈ എലിക്കെന്താ സംസ്കൃതം?”

“സംസ്കൃതം തന്നെയറിയാത്ത എന്നോടാണോ.... എനിക്കും എലിക്കും സംസ്കൃതമറിയില്ല!” കാര്യസ്ഥൻ അന്തം വിട്ടു പറഞ്ഞു.

“നീയല്ലാണ്ടിവിടെ വേറെയാരാ ഉള്ളത്, ചോദിക്കാൻ!”

കാര്യസ്ഥൻ ഒഴിഞ്ഞുമാറി. പിന്നെ പിറുപിറുത്തു. “കണ്ട മൂഷികനോടുള്ള ശുണ്ഠി പാവൻ എന്നോടാണല്ലോ....”

അതുകേട്ട ഉടനെ ഉത്സാഹത്തോടെ തിരുമേനി പറഞ്ഞു “ങ്ഹാ! അതു തന്നെയാടോ വാക്ക്! മൂഷികൻ!”

വാപിളർന്നു നിന്ന കാര്യസ്ഥന്റെ തോളിൽ തട്ടി തിരുമേനി പറഞ്ഞു “ചക്കയ്ക്ക് പനസം എന്നാ പേര്!”

കാര്യസ്ഥനൊന്നും പിടികിട്ടിയില്ല.

അപ്പോഴേക്കും അവർ നടന്ന് പണിക്കാരന്റെ വീടിനടുത്തെത്തിയിരുന്നു. തീണ്ടാപ്പാടകലെ നിന്ന് തിരുമേനി ഉച്ചത്തിൽ വിളിച്ചു “മൂഷികൻ കുന്നത്ത് പനസപ്പാ..... എടാ മൂഷികൻ കുന്നത്ത് പനസപ്പോ! ”

പണിക്കാരന്റെ ഭാര്യ  ഇതു കേട്ടു. അവൾക്കുണ്ടോ സംസ്കൃതം വല്ലതും തിരിയുന്നു!ആരാണീ ഒച്ചവയ്ക്കുന്നതെന്നു ചിന്തിച്ച്, കൂരയിൽ നിന്നു തല പുറത്തേക്കു നീട്ടി അവൾ തനി നാടൻ ഭാഷയിൽ വിളിച്ചു ചോദിച്ചു “ആരാണാ തൂറ്‌ണീ?”


അതുകേട്ടതോടെ തിരുമേനിയുടെ വിഷുദിനം ഗംഭീരമായി!!!
 

26 comments:

 1. hahahhaha
  അത് കലക്കി
  ചിരിച്ചുപോയി

  ReplyDelete
 2. Hahaha..thikachum vyathyastham... :)

  ReplyDelete
 3. Belebesh......lakshmi amme, great great great

  ReplyDelete
 4. സംഗതി കലക്കി അമ്മേ......... "പനശി ദശായാം പാശി"....(ചക്കി പത്തായത്തിൽ കയറി എന്ന് പറയുന്നത്പോലെ....അല്ലെങ്കിൽ 'മാവേലിക്കര'എന്നതിനു പണ്ടാരോ "ചൂത മൂഷിക തീരം' എന്ന് പറഞ്ഞത് പോലെ അല്ലേ?..... ഇനിയും പോരട്ടെ ഇത്തരം ചിന്തകൾ.....

  ReplyDelete
 5. ആദ്യം പേര് കേട്ട് അന്ധാളിച്ചു. വായിച്ചപ്പോലെ സംഗതി മനസിലായത് ഹ ഹ
  മൂഷികന്‍‌ കുന്നത് പനസപ്പന്‍ കൊള്ളാം.. രസകരമായി നല്ല പോലെ ചിരിച്ചു.

  ReplyDelete
 6. ഭേഷ്..! ബലേ ഭേഷ്..!!
  കഥ ഇഷ്ട്ടായിരിക്ക്ണൂ..!
  (ഇതിന്റെ സംസ്കൃതം എന്താണാവോ ഭഗവാനേ..!)
  എഴുത്ത് തുടരട്ടെ,
  ആശംസകള്‍ നേരുന്നു..!

  ReplyDelete
 7. മൂഷികന്‍‌ കുന്നത്ത് പനസപ്പന്‍...നല്ല കണ്ടുപിടുത്തം,തിരുമേനിക്ക് അങ്ങനെ തന്നെ വേണം.

  ReplyDelete
 8. ഹ ഹ അത് നന്നായി.

  ReplyDelete
 9. മൂഷികാചലം പനസപിതാ എന്നായാലല്ലേ സംസ്കൃതമാവുള്ളൂ. ഇതിപ്പൊ പാതി മലയഭാഷയായല്ലോ.

  “ആരാണാ തൂറ്‌ണീ?” എന്നതിന്റെ ശരിയായ അര്‍ത്ഥമാണ് മനസ്സിലാകാതിരുന്നത്. സംസ്കൃതത്തിലൊക്കെ എനിക്ക് വല്യ ജ്ഞാനമാണ് - നാടന്‍ ഭാഷയാണ് പിടിപാടില്ലാത്തത്.

  ReplyDelete
  Replies
  1. ആരാണവിടെ ഒച്ചയുണ്ടാക്കുന്നത് എന്നതിന്റെ ഗ്രാമ്യ രൂപമാണത്.

   ‘അവടെക്കെടന്ന് തൂറാതെ!’ എന്നതിന് അവിടെക്കിടന്ന് ഒച്ചയുണ്ടാക്കാതെ എന്നും അർത്ഥമുണ്ട്.

   Delete
 10. കഥ രസകരമായി.

  ReplyDelete
 11. അപ്പൊ തിരുമേനി അവരുടെ മുറ്റത്ത്‌
  ചെന്ന് എന്ത് ചെയ്തൂന്നാ ??!!!!

  ഛെ ഛെ മ്ലേച്ചം.....

  ലത് കലക്കിട്ടോ..ഇതൊക്കെ പ്രസിദ്ധീകരിച്ച
  പുസ്തകത്തില്‍ ഉണ്ടോ ജയെട്ട??

  ReplyDelete
 12. athu kollamallo . katha ishtamaayi.

  ReplyDelete
 13. പഴുത്ത പനസം കഴിച്ച മാതിരി... കൊള്ളാം... :) :)

  ReplyDelete
 14. രസകരമായി.. പഴയ ചക്കി പത്തായത്തില്‍ കയറിയപ്പോലെ..

  ReplyDelete
 15. അവൾ തനി നാടൻ ഭാഷയിൽ വിളിച്ചു ചോദിച്ചു “ആരാണാ തൂറ്‌ണീ?”


  ..............

  അപ്പോഴത്തെ തിരുമേനിയുടെ മുഖ ഭാവം ... .. ഓര്‍ക്കുമ്പോ...യ്യോ

  ReplyDelete
 16. എല്ലാവരോടും നന്ദി അറിയിക്കുന്നു.

  ഈ കഥയും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  ReplyDelete
 17. നാടന്‍ കുട്ടി കഥ നന്നായിരിക്കുന്നു

  ReplyDelete
 18. രസായി കേട്ടോ .
  ഇവിടെ 'തോറല്‍' എന്ന് പറയാറുണ്ട്‌ .
  ഒരു കൊച്ചു സുന്ദരിക്കഥ.

  ReplyDelete
 19. ഒത്തിരി ഇഷ്ടായി ട്ടോ ....:)

  ReplyDelete
 20. പനസപ്പഴം പോലെ

  ReplyDelete
 21. അമ്മക്കഥ കൊള്ളാം :)

  ReplyDelete
 22. എനിക്കും എലിക്കും സംസ്കൃതമറിയില്ല!”

  ReplyDelete
 23. തിരുമേനിയുടെ വിഷുദിനം ഗംഭീരമായി!!!

  :):)

  ReplyDelete