Wednesday 6 March 2013

അട്ടത്തെ കുട്ട്യാലി

 അച്ഛൻ പറഞ്ഞ നാടൻ കഥകൾ -3

പാത്തുണ്ണിയുടെ ഒരേയൊരു മകനാണ് കുട്ട്യാലി. അധ്വാനശീലനായ കുട്ട്യാലി ഏതുപണിയും ചെയ്യും.അവന്റെ കുടുംബം ഉമ്മയും അവനും മാത്രമായിരുന്നു. സ്നേഹപൂർണമായ കുടുംബം. അവനു പ്രായപൂർത്തിയായെന്ന് ഉമ്മയ്ക്കു തോന്നിയപ്പോൾ കല്യാണാലോചനകളായി. മരുമകൾ തന്നെ സംരക്ഷിക്കുന്നവളും, സ്നേഹമുള്ളവളും ആകണമെന്ന് അവർ ആഗ്രഹിച്ചു.

കുട്ട്യാലി പതിവുപോലെ ദിവസവും ജോലിക്കുപോകുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്തു. ഉമ്മയും ഭാര്യയും തമ്മിൽ വഴക്കിടുമെന്ന് അയാൾ വിചാരിച്ചതേയില്ല. അവർ തമ്മിൽ സ്നേഹമാണെന്നു തന്നെ അയാൾ വിശ്വസിച്ചു.

എന്നാൽ അയാളുടെ ഭാര്യയ്ക്ക് ഉമ്മയെ കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു. ഒരു പണിയുമെടുക്കാതെ തിന്നുമുടിക്കുന്ന ഒരു ശല്യമായിട്ടാണ് അവൾ അവരെ കണ്ടത്. അത്കൊണ്ട് അവൾ അവർക്കൊരു പണി കൊടുത്തു. ഉച്ചയ്ക്ക് കഞ്ഞി കിട്ടിക്കഴിഞ്ഞാൽ ഉരൽ കഴുത്തിൽ കെട്ടി പാട്ടുപാടി കളിച്ചിട്ടുവേണം കഞ്ഞി കുടിക്കാൻ! പതിവായി ഈ പരിപാടിയായപ്പോൾ ഉമ്മ കുഴഞ്ഞു. ഭാര്യയെ മകനു പൊന്നിഷ്ടമായിരുന്നതുകൊണ്ട് അവർ ഒന്നും മിണ്ടാതെ കഴിച്ചുകൂട്ടി.

ഒരു നാൾ മകൻ ഉമ്മയോട് എന്താണു ക്ഷീണിച്ചു വരുന്നതെന്ന് ചോദിച്ചു. കിട്ടിയ സൌകര്യത്തിന് അവർ കാര്യം അറിയിച്ചു. പിറ്റേന്ന് അയാൾ ജോലിക്കു പോയില്ല. പോകുന്നതായി ഭാവിച്ച്, അവൾ കാണാതെ വിറകു സൂക്ഷിക്കുന്ന അട്ടത്തു കയറിയിരുന്നു. ഏറെ വിറകു സൂക്ഷിക്കാൻ തക്കവണ്ണം ബലവും സൌകര്യവും ഉള്ളതായിരുന്നു അട്ടം. അതിനാൽ വിറകിനു മറഞ്ഞിരുന്ന അയാളെ ഭാര്യ കണ്ടില്ല.

അവൾ പതിവുപോലെ ഉച്ചക്കഞ്ഞി വിളമ്പി ഉമ്മയെ വിളിച്ചു പറഞ്ഞു “കഞ്ഞ്യെന്തുമ്മാ*....! കളിച്ചോളീൻ...!”

ഉമ്മ കഴുത്തിൽ ഉരൽ കെട്ടിത്തൂക്കി കളിക്കാൻ തുടങ്ങി. ഒപ്പം പാടുകയും ചെയ്തു.

“അട്ടത്തെ കുട്ട്യാല്യേ മോനേ!
കഞ്ഞിക്കളി കണ്ടോ മോനേ!
കഞ്ഞിക്കളി കണ്ടോ....?

മുട്ടനുരലാണേലും മോനേ
പയ്ക്കുമ്പ തിന്നാലോ മോനേ
പയ്ക്കുമ്പ തിന്നാലോ

അട്ടത്തെ കുട്ട്യാല്യേ മോനേ!
കഞ്ഞിക്കളി കണ്ടോ മോനേ!”

ഭ്രാന്തനെപ്പോലെ അയാൾ താഴേക്കു ചാടി. അന്തം വിട്ടു നിന്ന ഭാര്യയുടെ മുടിക്കു കുത്തിപ്പിടിച്ചു. ഭാര്യയുടെ തനിനിറം മനസ്സിലാക്കിയ അയാൾ അലറി

“എന്താടീ ഇയ്യെന്റുമ്മാനോട് കാട്ടീത്? പറയെടീ ഹറാം പിറന്നോളേ! പറ! അന്റെ പൊറുതി ഞാനിന്നവസാനിപ്പിക്ക്വെടീ! എന്നെ പോറ്റി വളർത്തിയ പുന്നാര ഉമ്മ.... തോന്നിയെല്ലോടീ അനക്കിങ്ങനെ!? കരളായിട്ടാ ഞമ്മള് അന്നെക്കണ്ടത്. എന്നിട്ട്.... ഹെന്നിട്ട്.. എറങ്ങടീ.... എളുപ്പം എറങ്ങ്!”

അയാൾ പുലമ്പിക്കൊണ്ടിരുന്നു.

അവൾ പ്രതീക്ഷിക്കാത്തതായിരുന്നല്ലോ എല്ലാം. അവളുടെ കരച്ചിലും പിഴിച്ചിലും ഒന്നും വിലപ്പോയില്ല. അവളെ വീട്ടിൽ കൊണ്ടാക്കിയ ശേഷമേ അയാൾ താഴെയിരുന്നുള്ളൂ.

ഉമ്മ ഇത്രയും പ്രതീക്ഷിച്ചില്ല. അവളെ വഴക്കു പറയുകയോ, ഒന്നു തല്ലുകയോ ചെയ്യുമെന്നേ അവർ കരുതിയുള്ളൂ. പക്ഷേ, ഇത് അതിരു കടന്നു പോയല്ലോ.... പടച്ചോനേ.... ഞമ്മള തെറ്റാണോ... ഭയന്ന് അവന്റെ മുഖത്തുനോക്കാൻ പോലും അവർക്കു കഴിഞ്ഞില്ല.

ഈ സംഭവത്തോടെ അവന് അട്ടത്തെ കുട്ട്യാലി എന്നു പേരു വീണു. തന്നെയല്ല, നാട്ടിലെ പെൺകുട്ടികൾക്കെല്ലാം അത് പാഠമാവുകയും ചെയ്തു.

പിന്നീട് ആരുടെ ദയയും തേടാതെ അയാൾ സ്വന്തം ഉമ്മയെ പൊന്നുപോലെ നോക്കി. “ആൺകുട്ട്യോളായാൽ കുട്ട്യാല്യെ പോലെ വേണം” എന്ന് ഉമ്മമാർ പറയാനും തുടങ്ങി.


* കഞ്ഞിവെന്തുമ്മാ

11 comments:

 1. കുട്ടിക്കാലത്ത് നാട്ടിലെ പെരു കേട്ട ഹീറോ ആയിരുന്നു കുട്ട്യാലി!

  ReplyDelete
 2. ഇത്തരം കുട്ട്യാലിമാര്‍ക്ക് ഇപ്പോള്‍ വംശനാശം സംഭവിച്ചു കൊണ്ടിരിക്കയാണ് ...

  ReplyDelete
 3. കുട്ട്യാലി :)

  ReplyDelete
 4. അട്ടത്ത് കയറുന്ന കുട്ട്യാലിമാരിപ്പോൾ തിരിച്ചിറങ്ങാറില്ല

  ReplyDelete
 5. കുട്ട്യാലീ... :)

  ReplyDelete
 6. കഷ്ടം ഇപ്പോള്‍ അട്ടം പോലും ഇല്ല.പക്ഷേ ഈ കാര്യം നന്നായി.

  ReplyDelete
 7. കുട്ട്യാലീനെ പോലെ ആവട്ടെ എല്ലാവരും.

  ReplyDelete
 8. അട്ടത്തെ കുട്ട്യാലിയെ വായിച്ചപ്പോള്‍ കഴിഞ്ഞ ദിവസം ന്റെ അമ്മ പറഞ്ഞ കഥയോര്‍മ്മ വന്നു ...അമ്മക്ക് പകരം മരുമകളുടെ അമ്മയെ കൊണ്ട് പോയി കളഞ്ഞ കഥ ..:)

  ReplyDelete
 9. kathayude marumakal pathippum und ketto........ thamizhilanu njan athu kettittullath.

  ReplyDelete
 10. എല്ലാവർക്കും നന്ദി.

  ReplyDelete