Thursday 28 February 2013

അപ്രശിഖ!

  അച്ഛൻ പറഞ്ഞ നാടൻ കഥകൾ -2

അയൽപക്കക്കാരും കൂട്ടുകാരുമായിരുന്നു ശേഖരനും അമ്പൂട്ടിയും. രണ്ടുപേരും നാട്ടിൽ നിന്നു പോയിട്ട് കുറേക്കാലമായിരുന്നു. ശേഖരൻ അതിബുദ്ധിമാനായിരുന്നു. അയാൾ ചെന്ന നാട്ടിൽ കുട്ടികളെ പഠിപ്പിക്കുകയും മുതിർന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്യുമായിരുന്നു. എല്ലാവർക്കും സമ്മതനായ അയാളെ അവിടത്തെ രാജാവ് ഉപദേഷ്ടാവായി നിയമിച്ചു. അയാളുടെ ഉപദേശാനുസരണം പ്രവർത്തിച്ച പലർക്കും ലാഭമുണ്ടാവുകയും ചെയ്തു. അവരോരോരുത്തരും സന്തോഷസൂചകമായി അയാൾക്ക് സമ്മാനങ്ങൾ നൽകി. അങ്ങനെ അയാൾ ഒരു വലിയ പണക്കാരനായി.

നാട്ടിൽ വന്ന് സ്വസ്ഥമായി ബന്ധുക്കൾക്കൊപ്പം കഴിയാൻ അയാൾ തീരുമാനിച്ചു. ആ നാട്ടിൽ എല്ലാവർക്കും വിഷമമായിരുന്നെങ്കിലും അവർ അയാളുടെ ആഗ്രഹത്തിനെതിരു നിന്നില്ല. അതുവരെ സമ്പാദിച്ച പണമെല്ലാം അയാൾ കൂടെക്കൊണ്ടുവന്നു.വഴിമധ്യേ ഒരു കാട്ടിൽക്കൂടി യാത്രചെയ്യേണ്ടതുണ്ടായിരുന്നു. അപ്പോഴാണ് പഴയ കൂട്ടുകാരനായ അമ്പൂട്ടിയെ കണ്ടത്. ഒരു കൂട്ടായല്ലോ എന്ന സമാധാനം അപ്പോൾ അയാൾക്കുണ്ടായി.

അവർ പലതും സംസാരിച്ചു നടന്നു. കുട്ടിക്കാലത്തെ കാര്യങ്ങൾ പറഞ്ഞുപറഞ്ഞ് അപ്പോഴത്തെ കാര്യങ്ങളും അവർ പരസ്പരം പങ്കുവച്ചു. പ്രിയകൂട്ടുകാരനായതിനാൽ ശേഖരൻ ഒന്നും മറച്ചുവച്ചില്ല. പക്ഷേ അമ്പൂട്ടിക്ക് അത്രയേറെയൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലായിടത്തും അഭിനന്ദനവും ആദരവും ലഭിച്ചിരുന്നതിനാൽ ശേഖരന് ചതിയുണ്ടാകുമെന്ന് സംശയം തോന്നിയിരുന്നില്ല.

അമ്പൂട്ടിയുടെ മനസ്സിലെ ചിന്തകൾ മുഖത്തുകാണാൻ ഇരുൾ അനുവദിച്ചിരുന്നില്ല. സംസാരം കൂടുതലും ശേഖരനായിരുന്നു. കേട്ടു മൂളുകയോ, ഇടയ്ക്കൊരുവാക്കു പറയുകയോ മാത്രം ചെയ്ത അമ്പൂട്ടി മനസ്സിൽ കണക്കു കൂട്ടിയതൊന്നും പുറത്തു പ്രകടമാക്കിയില്ല. ചതിയന്മാർ എപ്പോഴും ഉദ്ദേശ്യം മനസ്സിൽ മറച്ചുവയ്ക്കും. എന്നാൽ കൂട്ടുകാരനായതിനാൽ ശേഖരൻ ഇതൊന്നും ചിന്തിച്ചുമില്ല.

രാത്രിയായതിനാൽ അവർ ചേർന്നു നടക്കുകയായിരുന്നു. പെട്ടെന്ന് അമ്പൂട്ടി ശേഖരന്റെ കയ്യിൽ കയറിപ്പിടിച്ചു.

“എന്തു പറ്റി? വല്ല ആപത്തും?” ശേഖൻ  ചോദിച്ചു.

“ആപത്തുണ്ട് ശേഖരന്..... ഞാൻ നിന്നെ കൊല്ലാൻ പോകുന്നു. ” കരുത്തനായ അമ്പൂട്ടി ഒട്ടും ദയയില്ലാതെ പറഞ്ഞു. ശേഖരൻ പെട്ടെന്ന് ബോധവാനായി. അമ്പൂട്ടിയുടെ കയ്യിലെ തിളങ്ങുന്ന വാൾ ശ്രദ്ധിച്ച് അയാൾ പറഞ്ഞു

“അങ്ങനെയെങ്കിൽ ഞാനെന്തു പറയാനാണ്? എനിക്കൊരു അന്ത്യാഭിലാഷമുണ്ട്. അതു നീ സാധിച്ചു തരണം!”

അത് അമ്പൂട്ടി സമ്മതിച്ചു. അവൻ ചോദിച്ചു “എന്താണ് അന്ത്യാഭിലാഷം?”
ശേഖരൻ പറഞ്ഞു “എനിക്ക് ഒരു കവിതയെഴുതണം!”
അമ്പൂട്ടി അന്തം വിട്ടു നിന്നു. ഏതായാലും അന്ത്യാഭിലാഷമല്ലേ. എഴുതട്ടെ.അവൻ കരുതി.
ശേഖരൻ എഴുതി “അപ്രശിഖ!”

“തീർന്നോ?” അമ്പൂട്ടി ചോദിച്ചു.
“തീർന്നു. ഇത് നീ ചെന്നാൽ എന്റെ വീട്ടിൽ കൊടുക്കണം.” ശാന്തനായിട്ടാണ് ശേഖരൻ പറഞ്ഞത്.
ഒന്നു മൂളിയ ശേഷം അമ്പൂട്ടി അയാളെ തട്ടിത്താഴെയിട്ടു ചവിട്ടിപ്പിടിച്ച് വാളുകൊണ്ടു തലവെട്ടി.

പണവുമെടുത്തു വീട്ടിൽ ചെന്ന് എല്ലാം ഭദ്രമായി വച്ച ശേഷം ശേഖരന്റെ വീട്ടിലെത്തി. ശേഖരനെ വഴിക്കു വച്ചു കണ്ടിരുന്നെന്നും ഒരു കത്തെഴുതിത്തന്നിട്ട് അയാൾ കാടുകാറിപ്പോയെന്നും  പറഞ്ഞു.കത്തു കൊടുത്തിട്ട അയാൾ തിരിച്ചുപോയി. ആർക്കും അതുകണ്ടിട്ട് ഒന്നും മനസ്സിലായില്ല. പലരും വായിച്ചു നോക്കിയിട്ടും പൊതിയാത്തേങ്ങപോലെ ആ കുറിമാനമിരുന്നു.

ഒടുവിൽ പഠിപ്പു തികഞ്ഞ ശേഖരന്റെ മകൻ തലപുകച്ച് അതിനൊരു വ്യാഖ്യാനമെഴുതി.

“അനേകവഴി ദൂരേച
പ്രണതസ്യ വനാന്തരേ
ശിരസി പാദസംഛേദേ
ഖഡ്ഗം കൊണ്ടു വിനശ്യതി!”

പലരും ചേർന്ന് ആലോചിച്ചപ്പോൾ അങ്ങനെയാകാൻ വഴിയുണ്ടെന്ന തോന്നൽ ദൃഢമായി. രാജസന്നിധിയിൽ അറിയിച്ച് അമ്പൂട്ടിയെ ചോദ്യം ചെയ്തു. ദണ്ഡനമുറ വരെയെത്തി. ഒടുവിൽ ഗത്യന്തരമില്ലാതെയായപ്പോൾ അയാൾക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു.സത്യം പറയാതെ രക്ഷയില്ലെന്നു വന്നപ്പോൾ അയാൾ സംഭവം വിവരിച്ചു.

ഒറ്റ നോട്ടത്തിൽ അർത്ഥമില്ലെന്നു തോന്നുന്ന പലതിനും അർത്ഥമുണ്ടാവാൻ സാധ്യതയുണ്ട്. അല്ലേ!?

Sunday 24 February 2013

മൊട്ടച്ചിക്കെട്ടും പോയി...!

കുട്ടിക്കാലത്ത് എന്റെ അച്ഛൻ പറഞ്ഞു തന്ന ഒരു കഥയാണിത്. എക്കാലവും പ്രസക്തമായൊരു കുഞ്ഞിക്കഥ...

വളരെപ്പണ്ട് തമിഴ്നാട്ടിൽ നിന്ന് വള്ളുവനാട്ടിൽ വന്നു താമസമാക്കിയ ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അപ്പൂപ്പൻ മരിച്ചപ്പോൾ അമ്മൂമ്മ തനിച്ചായി. അവർക്ക് മക്കളോ, നാട്ടിൽ പറയത്തക്ക ബന്ധുക്കളൊ ഇല്ലായിരുന്നു.ഭർത്താവ് മരിച്ചപ്പോൾ അവർ അവിടത്തെ ആചാരമനുസരിച്ച് തല മൊട്ടയടിച്ചു. അങ്ങനെ മൊട്ടച്ചിയമ്മൂമ്മയായി. അവരെ ആളുകൾ കളിയായി ‘മൊട്ടച്ചി’എന്ന് വിളിക്കാൻ തുടങ്ങി.

അവർക്ക് പണിയൊന്നുമില്ലായിരുന്നു. ജീവിതമാർഗമായി, ഭർത്താവിന്റെ അല്പ സമ്പാദ്യം പലിശയ്ക്കു കൊടുത്ത്, ആ പലിശ വാങ്ങി അവർ ജീവിച്ചു. പത്തു രൂപയ്ക്ക് ഒരു വർഷത്തേക്ക് ഒരു രൂപ പലിശ കൃത്യമായി പിരിക്കും.

അതിനിടയ്ക്ക് ഒരാൾക്ക് ഒരു ദുർബുദ്ധി തോന്നി. “മൊട്ടച്ചിയമ്മൂമ്മയ്ക്ക് വയസ്സായില്ലേ? ഇനി അധികനാൾ ജീവിക്കില്ല. പത്തു രൂപ കടം മേടിക്കാം. തിരിച്ചു കൊടുക്കേണ്ടി വരില്ല. വേണമെങ്കിൽ പലിശ കുറച്ചു നേരത്തേ തന്നെ കൊടുത്തേക്കാം.” അയാൾ അടുത്ത ദിവസം മൊട്ടച്ചിയമ്മൂമ്മയുടെ വീട്ടിൽ ചെന്ന് പത്തു രൂപ കടം ചോദിച്ചു.

“പലിശ കൃത്യമായി തരണം. എന്റെ ജീവിതമാർഗമാണ്.മുടക്കരുത്...” എന്നു പറഞ്ഞ് അവർ പണം കൊടുത്തു. അയാൾ ഉടനെ തന്നെ രണ്ടു രൂപ പലിശയും കൊടുത്തു. അമ്മൂമ്മയ്ക്ക് സന്തോഷമായി.

അയാൾക്ക് അതിലേറേ സന്തോഷമായി. ഇനി രണ്ടു കൊല്ലത്തേക്ക് അവർ തന്നെ  തിരിഞ്ഞു നോക്കില്ല. അപ്പോഴേക്ക് ദൈവം സഹായിച്ച് അവർ ചത്തുപോകും! വലിയ സന്തോഷത്തോടെ നടന്നപ്പോൾ അയാൾക്ക് ഒരു പാട്ടു പാടാൻ തോന്നി.

അയാൾ പാടി

“മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും പോയി...
മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും ..........”

പെട്ടെന്നൊരു പൊട്ടിച്ചിരി കേട്ട് അയാൾ ഞെട്ടി.

ആരാ ഈ ആളൊഴിഞ്ഞ സ്ഥലത്ത്!? ചെവി വട്ടം പിടിച്ച് അയാൾ ചുറ്റും നോക്കി.ആരെയും കണ്ടില്ല. “ആ.... ആരെങ്കിലുമാവട്ടെ...” അയാൾ വീണ്ടും ഉച്ചത്തിൽ പാടി

“മൊട്ടച്ചിക്കെട്ടും പോയി...
എനിക്കു രണ്ടും പോയി....”

പെട്ടെന്ന് വീണ്ടും പൊട്ടിച്ചിരി!

“മണ്ടച്ചാരേ!” എന്നൊരു വിളിയും.

പരിഭ്രമിച്ചെങ്കിലും ധൈര്യം ഭാവിച്ച് അയാൾ നടന്നു. ചുറ്റും നോക്കിയിട്ട് വീണ്ടും പാടി

“മൊട്ടച്ചിക്കെട്ടും പോയി...”

ഇത്തവണ പൊട്ടിച്ചിരിയും, മണ്ടച്ചാരേ വിളിയും കഴിഞ്ഞ് സംസാരവും കേട്ടു.

“മണ്ടച്ചാരേ! പണ്ടിതുപോലെ ഒരാളെ പറ്റിച്ചതാണു ഞാൻ. രണ്ടു രൂപ കടം മേടിച്ചു. തിരിച്ചു കൊടുത്തില്ല. പലവട്ടം അയാൾ ചോദിച്ചപ്പോഴൊക്കെ ഒഴികഴിവു പറഞ്ഞു. അവസാനം അയാളും ഞാനും മരിച്ചു. കടം ബാക്കിയായി. അയാൾ കൃഷിക്കാരനായും, ഞാൻ അയാളുടെ പോത്തായും പുനർജനിച്ചു. ജീവിതം മുഴുവൻ അയാൾക്കുവേണ്ടി പണിയെടുത്തു. ബാക്കി വന്ന കടത്തിലേക്കായി എന്റെ തലയോട്ടി അയാളുടെ പച്ചക്കറി കൃഷിക്ക് കാവൽ നിൽക്കുന്നതു കണ്ടോ!? അതാ മണ്ടച്ചാരേ ഞാൻ പറയുന്നത്....”

അയാൾ ചുറ്റും കണ്ണോടിച്ചു നോക്കി.

അതാ അവിടെ ഒരു പോത്തിന്റെ തലയോട്ടി തന്നെ നോക്കി ചിരിക്കുന്നു!


ശലഭപ്പൂങ്കുല
ഒരു ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കട്ടിൽ
അഭയമായ് മാറിയൊരു കാലം
പണിയേതുമില്ലാതെ തുണയാരുമില്ലാതെ
മുഷിവുമായ് നീണ്ടുകിടക്കേ

ഒരു കൊന്നപ്പൂങ്കുല - ഈ ചിങ്ങമാസത്തിൽ
എവിടന്നു വന്നു നിറവാർന്നു?
കൊതിയോടെ നോക്കി ഞാൻ - ഇതുവേദനയ്ക്ക് ചെറു-
മറുമരുന്നാകുന്നുവല്ലോ!

നിറമഞ്ഞപ്പൂങ്കുല പുലരിക്കുളിർകാറ്റിൽ
ഇളകിയാടുന്നു മദമോടേ!
ചെറുകാറ്റിലിളകുന്നു പുതുപൂവിതൾ - കുളിര്
തുടികൊട്ടിയിക്കിളിയിടുന്നോ?

മൃദുപവനന്തി മൃദുലമുഴിയവേ വിടരുമിരു-
ദലമിതാ പാറിയുയരുന്നു!
നിമിഷങ്ങൽ കൊണ്ടു മൃദുപവനപരിലാളിതസു-
മുകുളങ്ങൾ പാറിയകലുന്നു!

വിടരാത്ത മൊട്ടുകളിലൊരുപച്ച നിറമിയലു-
മതുപോലും കൊന്നപ്പൂപോലേ!
പ്രകൃതിയുടെ രുചിരതര വിസ്മയം കണ്ടു കുളിർ-
തടവുമുടലോടെ ഞാൻ നിന്നു!

ഒരു പൂങ്കുലയ്ക്കു സമമൊരു ശലഭപ്പൂങ്കുല!
ഇതുകാട്ടി വിസ്മിതയാക്കീ
ഹൃദയത്തിലൊരു പുളകമുകുളം രചിച്ചു - കളി
അവിരാമമങ്ങു തുടരുന്നു!ചിത്രത്തിനു കടപ്പാട്:ഗുഗിൾ