Thursday, 18 April 2013

ഉമ്മാച്ചു!

വീട്ടിലെ ഇളയകുട്ടിയായിരുന്നു ഉമ്മാച്ചു. അവൾ ലേശം മടിച്ചിയും തീറ്റപ്രിയയുമായിരുന്നു. കൊച്ചുകുട്ടികളുടെ കൂടെ കളിക്കലായിരുന്നു ഇഷ്ടവിനോദം. വീട്ടിലെപ്പോഴും കൊച്ചുകുട്ടികൾ കാണും. ഇക്കാക്കമാരുടെയോ ഇത്താത്തമാരുടെയോ ഒക്കെ കുട്ടികളെ കളിപ്പിക്കുന്നതും ആഹാരം കഴിപ്പിക്കുന്നതും അവളാണ്. കൂട്ടത്തിൽ പറമ്പിലുള്ള വിഭവസമാഹരണവും അവൾക്കാണ്.

ചക്ക പഴുത്താൽ കാക്കയേക്കാൾ  മുൻപേ അവളറിയും. മാങ്ങ പഴുക്കുന്നതും അവളോട് ചോദിച്ചാൽ മതി. പഴയ കാലത്തൊന്നും ഇന്നത്തെപ്പോലെ കശുവണ്ടിക്ക് ചിലവില്ലായിരുന്നു. കൊഴിഞ്ഞു വീഴുന്നത് പെറുക്കിക്കൊണ്ടുവന്ന് ചാക്കു കണക്കാകുമ്പോൾ വിൽക്കും.അതുവരെ കശുമാങ്ങയുടെ നീരെടുത്ത് എന്തൊക്കെയോ ചേരുവകൾ ചെർത്ത് മണ്ണിൽ കുഴിച്ചിട്ട് മദ്യമുണ്ടാക്കലും, അണ്ടി വറുത്ത് തല്ലിത്തിന്നുകയോ, ബർഫി ഉണ്ടാക്കുകയോ ഒക്കെയാണ് നാട്ടുകാർ ചെയ്തിരുന്നത്. എങ്ങനെ ചെയ്താലും അണ്ടിപ്പരിപ്പിന് നല്ല സ്വാദാണ്. ഉമ്മാച്ചുവിന് പൊന്നിഷ്ടം. പക്ഷേ പണി എടുക്കാനൊന്നും അവളെ കിട്ടില്ല എന്നു മാത്രം!

ഒരു കശുമാങ്ങക്കാലം. ഉമ്മുമ്മ അവളെ വിളിച്ചു “ഉമ്മാച്ചുമ്മാച്ച്വോ! അണ്ടി പെറുക്കാൻ വാ!”

“എന്റേൽ കുട്ട്യാണ്!” അവൾ മറുപടി വിളിച്ചു പറഞ്ഞു.

ഉമ്മുമ്മാ തന്നെ അയലത്തെ ഒരു കുട്ടിയെക്കൂടി സഹായത്തിനു വിളിച്ച്  എല്ലാം പെറുക്കിക്കൂട്ടി. അണ്ടി ധാരാളമുണ്ടായിരുന്നു. എല്ലാം കൊണ്ടുവന്ന് വൃത്തിയാക്കി ഉമ്മൂമ്മ അടുത്ത ജോലിക്ക് വിളിച്ചു.

“ഉമ്മാച്ചുമ്മാച്ച്വോ! അണ്ടി ബറുക്കാൻ വാ!”

അപ്പോഴും അവൾ “എന്റേൽ കുട്ട്യാണ്”എന്ന മറുപടി പറഞ്ഞു. ഉമ്മൂമ്മ അയലത്തെ കുട്ടിയെത്തന്നെ കൂട്ടി അതെല്ലാം വറുത്തെടുത്തു. അത് മണ്ണിലിട്ടു തണുപ്പിച്ച് തീയെല്ലാമണച്ചു.

വറുത്തെടുക്കുന്നതിനേക്കാൾ പ്രയാസമാണ് തല്ലിയെടുക്കുന്നത്.വറുക്കുമ്പോൾ നേരേ ഇളക്കിയില്ലെങ്കിലോ, ശരിക്കു മറിഞ്ഞു വന്നില്ലെങ്കിലോ, തല്ലിയാൽ ശരിയാവില്ല. മൂപ്പു കുറഞ്ഞാൽ തല്ലുമ്പോൾ മേലെല്ലാം കറ തെറിക്കുകയും ചെയ്യും.അതിനൊന്നും ഉമ്മാച്ചുവിനു വശമില്ല. ചെയ്യാനൊട്ട് ഇഷ്ടവുമില്ല.

അവൾ വരില്ലെന്നുറപ്പാണ്. എന്നാലും ഉമ്മുമ്മാ വിളിച്ചു.  “ഉമ്മാച്ചുമ്മാച്ച്വോ! അണ്ട്യൊന്ന് തല്ലാൻ വാ!”

പതിവുള്ള മറുപടി ഉടൻ കിട്ടി. “എന്റേൽ കുട്ട്യാണ്!”

എപ്പോഴും അവളുടെ കയ്യിൽ കുട്ടിയാണ്. എന്തു ചെയ്യാൻ വിളിച്ചാലും ഇതേ വാചകം പറഞ്ഞ് അവൾ രക്ഷപെടും. ഇളയ കുട്ടിയായതുകൊണ്ടാവും ജോലിയിൽ ഇത്രയും ഇളവുകിട്ടുന്നത്.

വീണ്ടും ഉമ്മുമ്മാ സഹായിയെ കൂട്ടി അണ്ടി തല്ലി പരിപ്പെടുത്തു. പിന്നെയും ഇടിക്കുന്ന ജോലിബാക്കിയുണ്ട്. അപ്പോഴും ഉമ്മുമ്മാ വിളിച്ചു.

 “ഉമ്മാച്ചുമ്മാച്ച്വോ! അണ്ടീം പിണ്ടീം ഇടിക്കാൻ വാ!”

 അപ്പൊഴും പതിവുള്ള മറുപടി തന്നെ കിട്ടി. “എന്റേൽ കുട്ട്യാണ്!”

പിന്നെയും ഉമ്മൂമ്മ സഹായിയുടെ കൂടെ കൂടി. ഇടിച്ചു പാകമാക്കിയ അണ്ടിപ്പുട്ട് തിന്നാൻ സമയമായി. ഉമ്മുമ്മാ മാറ്റിവയ്ക്കാനുള്ളതെല്ലാം മാറ്റിവച്ചു. പാത്രങ്ങളെല്ലാം ഒതുക്കി ശരിയാക്കി.

വീണ്ടും വിളിച്ചു.  “ഉമ്മാച്ചുമ്മാച്ച്വോ! അണ്ടിപ്പുട്ടു തിന്നാൻ വാ!”

ഇത്തവണ പതിവു മറുപടി കേട്ടില്ല. അവൾക്ക് ഇത്ര നേരവും ജോലി ചെയ്യാൻ ചെല്ലാഞ്ഞതിൽ ഒരു നാണവും തോന്നിയില്ല. എന്നു തന്നെയുമല്ല അതവളുടെ അവകാശമാണെന്ന ധാരണ ഉണ്ടുതാനും.

അധികം താമസിയാതെ ഉമ്മാച്ചുവിന്റെ ഒച്ച ഉമ്മൂമ്മ കേട്ടു

“അബടക്കെടക്കെട കുട്ടി, ഇബടക്കെടക്കെട കുട്ടി, ബാപ്പാന്റെ കട്ടിന്റെ ചോട്ടിക്കെടക്കട കുട്ടീ!”

കുട്ടിയെ ബാപ്പാന്റെ കട്ടിലിന്റെ ചോട്ടിൽ കിടത്തിയിട്ട് അവൾ അണ്ടിപ്പുട്ടു തിന്നാൻ ഓടിയെത്തി!!






12 comments:

  1. ഹൃദ്യമായ അവതരണം.
    ഇഷ്ടത്തോടെ വായിച്ചു.
    നന്ദി

    ReplyDelete
  2. എന്റേല്‍ കുട്ട്യാര്‍ന്ന്....
    ന്നാലും വായിച്ചു.

    ReplyDelete
  3. ഇതുപോലൊരു കഥ പണ്ട് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍
    രണ്ടാം ക്ലാസ്സിലോ,മൂന്നാം ക്ലാസ്സിലോ ആണെന്ന് തോന്നുന്നു.
    ടീച്ചര്‍ പറഞ്ഞുതന്നിട്ടുണ്ട്. പക്ഷേ അതില്‍ കഥാപാത്രങ്ങള്‍
    ഒരു തള്ളക്കോഴിയും,കുഞ്ഞുങ്ങളും ആയിരുന്നു.
    കശുവണ്ടിയ്ക്കു പകരം നെല്ലായിരുന്നു.
    അവസാനം, ഇങ്ങിനെയല്ല..!!!

    കഥ വായിച്ചു തീര്‍ന്നപ്പോള്‍,
    ആ പഴയ ക്ലാസ്റൂമിലേയ്ക്ക് അല്‍പ്പനേരം പോയി....

    നല്ല കഥ.. ചെറിയ ഒരു ഗുണപാഠവും ഇല്ലാതില്ല.
    ഉമ്മാച്ചു ആളൊരു കേമി തന്നെ..!!! ഹും, കൌശലക്കാരി...

    വളരെ ലളിതമായ ഒരുനല്ല കൊച്ചു കഥ.
    പെരുത്ത് ഇഷ്ടായി...
    ആശംസകള്‍.....

    ReplyDelete
  4. ഹാ ഹാ
    ഉമ്മാച്ചു ആള് കൊള്ളാല്ലോ.
    നല്ല അവതരണം.
    ആശംസകള്‍.

    ReplyDelete
  5. എനിക്ക് തിരക്കാണ്......
    എന്നാലും ക്യാമറയുടെ മുമ്പിലും വേദിയിലും ഇരച്ചുകയറി വന്നോളാം..
    നന്നായിട്ടുണ്ട്‌
    ആശംസകള്‍

    ReplyDelete
  6. കൊച്ചു കഥ......ആശംസകൾ

    ReplyDelete
  7. അമ്മയുടെ ഭാഷ കൊള്ളാം . ഒരു കഥയ്ക്ക്‌ ഭാഷാപരമായ ഒരു സൌന്ദര്യം വരുത്താനാണ് ഏറ്റവും പ്രയാസം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത് .കഥാപാത്രങ്ങൾ നടത്തുന്ന സംഭാഷണവും കഥ പറയാൻ ഉപയോഗിക്കുന്ന ഭാഷയും രണ്ടാകുമ്പോൾ ആണ് അതിന്റെ ഭംഗി ഏറ്റവും കൂടുന്നത് . മാത്രമല്ല സംവേദനം കൂടുതൽ എളുപ്പമാവുകയും ചെയ്യും. നന്നായിട്ടുണ്ട് . ഇനിയും എഴുതുക.

    ReplyDelete
  8. നല്ല കഥ.
    മടിച്ചിപ്പാറുമാര്‍

    ReplyDelete
  9. എന്റ കുട്ടീണ്ട്.. ഒടുവിൽ കുട്ടി അവിടെക്കിട.

    ഞാൻ നളിനകുമാരി. ഈ കാത്ത് എന്റെ നളിനദളങ്ങളും വിടർന്നിരുന്നു

    ReplyDelete