Sunday 24 February 2013

ശലഭപ്പൂങ്കുല




ഒരു ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കട്ടിൽ
അഭയമായ് മാറിയൊരു കാലം
പണിയേതുമില്ലാതെ തുണയാരുമില്ലാതെ
മുഷിവുമായ് നീണ്ടുകിടക്കേ

ഒരു കൊന്നപ്പൂങ്കുല - ഈ ചിങ്ങമാസത്തിൽ
എവിടന്നു വന്നു നിറവാർന്നു?
കൊതിയോടെ നോക്കി ഞാൻ - ഇതുവേദനയ്ക്ക് ചെറു-
മറുമരുന്നാകുന്നുവല്ലോ!

നിറമഞ്ഞപ്പൂങ്കുല പുലരിക്കുളിർകാറ്റിൽ
ഇളകിയാടുന്നു മദമോടേ!
ചെറുകാറ്റിലിളകുന്നു പുതുപൂവിതൾ - കുളിര്
തുടികൊട്ടിയിക്കിളിയിടുന്നോ?

മൃദുപവനന്തി മൃദുലമുഴിയവേ വിടരുമിരു-
ദലമിതാ പാറിയുയരുന്നു!
നിമിഷങ്ങൽ കൊണ്ടു മൃദുപവനപരിലാളിതസു-
മുകുളങ്ങൾ പാറിയകലുന്നു!

വിടരാത്ത മൊട്ടുകളിലൊരുപച്ച നിറമിയലു-
മതുപോലും കൊന്നപ്പൂപോലേ!
പ്രകൃതിയുടെ രുചിരതര വിസ്മയം കണ്ടു കുളിർ-
തടവുമുടലോടെ ഞാൻ നിന്നു!

ഒരു പൂങ്കുലയ്ക്കു സമമൊരു ശലഭപ്പൂങ്കുല!
ഇതുകാട്ടി വിസ്മിതയാക്കീ
ഹൃദയത്തിലൊരു പുളകമുകുളം രചിച്ചു - കളി
അവിരാമമങ്ങു തുടരുന്നു!



ചിത്രത്തിനു കടപ്പാട്:ഗുഗിൾ

12 comments:

  1. ശലഭപ്പൂങ്കുല പോലെ ഈ കവിതപ്പൂങ്കുല

    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. വളരെയേറെ ഇഷ്ടപ്പെട്ടൂ.....ആശംസകൾ

    ReplyDelete
  3. നിറമഞ്ഞപ്പൂങ്കുല പുലരിക്കുളിർകാറ്റിൽ
    ഇളകിയാടുന്നു മദമോടേ!


    സന്തോഷത്തോടെ കാറ്റിലാടുന്ന ഒരു പൂമരത്തെ കണ്ട അനുഭവം ആകുന്നു വായനക്കാരന് മുന്നില്‍ ഈ കവിത പകരുന്നത്. ശരീരത്തിന്‍റെ കുസൃതികളിലൂടെ തകരാറില്‍ ആകുന്ന ഹൃദയത്തെ പണിപ്പുരയില്‍ കയറ്റി വിശ്രമിക്കുന്നു എന്ന് കവി എഴുതുന്നു പക്ഷെ ശരീരം അനുഭവിക്കുന്ന വേദനയെ കവിയുടെ കണ്ണിലെ, മനസ്സിലെ കാഴ്ചകളാകുന്ന സാന്ത്വനങ്ങള്‍ കൊണ്ട് ഉഴിഞ്ഞു കളയുകയാണ്. മനോഹരമായ വരികള്‍ .

    ലക്ഷ്മി അമ്മ എന്ന ഈ അമ്മയ്ക്ക്, മുത്തശ്ശിക്ക് ഭാവുകങ്ങള്‍ . ഇനിയുമെഴുതൂ. ഒരുപാട് ഒരുപാട് . ആശംസകള്‍ . പ്രാര്‍ത്ഥനകള്‍

    ബിന്ദു ബി മേനോന്‍

    ReplyDelete
  4. നല്ല കവിത. അനുഭവഭേദ്യമാകുന്നുണ്ട് കവിയുടെ മനസ്സ്. ആശംസകൾ ഒരുപാട്...

    ReplyDelete
  5. അമ്മാ ഇത് വരികൾ മുറിച്ചെഴുതിയതുകൊണ്ട് മാത്രം ഞാൻ കവിതയാണെന്ന് സമ്മതിച്ചു തരുന്നു,പിന്നെ അമ്മ എഴുത്യേതുകൊണ്ടും.
    അല്ലേൽ ഈ വരികളെല്ലാം കൂടി യോജിപ്പിച്ച് ഒരു സുന്ദര കഥയാക്കി മാറ്റാൻ ഞാൻ പറയുമായിരുന്നു.
    നല്ലതാ അമ്മേ അർത്ഥമുണ്ട്,വായിക്കാൻ സുഖവുണ്ട്.
    ആശംസകൾ.

    ReplyDelete

  6. മൃദുപവനന്തി മൃദുലമുഴിയവേ വിടരുമിരു-
    ദലമിതാ പാറിയുയരുന്നു!....

    നല്ല കാവ്യഭംഗി ...വരികള്‍
    പൂക്കളെ പോലെ മനോഹരം

    ഒരു ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കട്ടിൽ
    അഭയമായ് മാറിയൊരു കാലം.. ഈ വരി മാത്രം അല്പം ഭംഗി കുറവ്
    ഗദ്യ കവിതപോലെ ..അത്

    നന്നായിരിക്കുന്നു അമ്മേ ഇനിയും തുടരുക

    ReplyDelete
  7. എന്റെ ലക്ഷിയേച്ചീ,
    ഈ കവിത വായിക്കുന്നതിൽ ഞാനൊരു മൂങ്ങയാണ്; ഒന്നും കാണീല്ല; എന്നാലും കവിതയെഴുതുന്നതൊരു വലിയ കഴിവാണെന്നറീയാം. അതുകൊണ്ട് വിശകലനം ഒക്കെ അതറിയാവുന്നവർക്കു വേണ്ടി മാറ്റി വക്കുന്നു.

    ReplyDelete
  8. വളരെയേറെ ഇഷ്ടപ്പെട്ടൂ.....ആശംസകൾ

    ReplyDelete
  9. appo kavitemund...... varatte ellam varatte...vaikkan aalunde.....

    ReplyDelete
  10. നന്ദി, എല്ലാവർക്കും!

    ReplyDelete